Monday, April 4, 2011

ജനങ്ങളില്‍ ഒരാളായി ജനകീയ എംഎല്‍എ


തൃക്കരിപ്പൂര്‍: 'ജന്മി നാടുവാഴിത്തത്തിനെതിരെ ഐതിഹാസിക പോരാട്ടത്തിന് സാക്ഷിയായ മണ്ണ് വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. കേരളത്തില്‍ ഇടതുപക്ഷ ഭരണത്തുടര്‍ച്ചക്ക് ജനങ്ങള്‍ വിധിയെഴുതുന്ന ദിവസമാണ് ഏപ്രില്‍ 13. അഞ്ചുവര്‍ഷം കൊണ്ട് ജനകീയ എംഎല്‍എയായ കെ കുഞ്ഞിരാമന് ചരിത്ര ഭൂരിപക്ഷം നല്‍കാന്‍ കാത്തിരിക്കുകയാണ് മണ്ഡലത്തിലെ ജനങ്ങള്‍.'
നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ കത്തിക്കയറുന്നിതിനിടയിലാണ് പടിഞ്ഞാറ്റം കൊഴുവലിലേക്ക് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമനെത്തിയത്. കൂടിനിന്നവര്‍ ഒന്നിളകി. കര്‍ഷകത്തൊഴിലാളി നേതാവുകൂടിയായ ജനകീയ എംഎല്‍എ വിനീതനായി ആളുകളോട് കുശലം പറഞ്ഞും കൈപിടിച്ചും വേദിയിലേക്ക് നീങ്ങുമ്പോഴും യുവാക്കള്‍ ആവേശത്തോടെ മുദ്രവാക്യം വിളിക്കുന്നുണ്ടായിരുന്നു. തൃക്കരിപ്പൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഞായറാഴ്ച പര്യടനം ആരംഭിച്ചത് നീലേശ്വരം നഗരസഭയിലെ പടഞ്ഞാറ്റം കൊഴുവലില്‍നിന്നായിരുന്നു. മഹാനായ ഇ എം എസിനെ തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ച നാട് എന്നും ഇടതുപക്ഷത്ത് ഉറച്ച് നില്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. നാടിനെ പുരോഗതിയിലേക്ക് നയിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. രണ്ട് രൂപയ്ക്ക് അരി വിതരണം ചെയ്ത ഈ സര്‍ക്കാര്‍ തുടര്‍ന്നാല്‍ മാത്രമെ നാടിന് രക്ഷയുള്ളു. അതിനായിരിക്കണം നിങ്ങളുടെ വോട്ട്. കഴിഞ്ഞതവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിക്കാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങണം. സ്ഥാനാര്‍ഥി ചെറുവാക്കുകള്‍ അവസാനിപ്പിച്ച് അടുത്ത സ്ഥലത്തേക്ക് നീങ്ങി.

 സ്ഥാനാര്‍ഥിയുടെ വാക്കുകള്‍ ശരിയെന്ന് തെളിയിക്കുന്നതായി നഗരസഭയിലെ ഓരോ സ്വീകരണവും. ആദ്യ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗംഭീര വിജയം സമ്മാനിച്ച നീലേശ്വരം കൂടുതല്‍ ഇടത്തോട്ട് ചായുകയാണെന്ന് തെളിയിക്കുന്നതായി ഓരോ സ്വീകരണവും. അഞ്ച് വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തിലുണ്ടായ വികസന പ്രവര്‍ത്തനങ്ങളും യോഗങ്ങളില്‍ പ്രതിപാദിച്ചാണ് നേതാക്കളുടെ പ്രസംഗം. കൈത്തറിയുടെയും കാവുകളുടെയും കോവിലകത്തിന്റെയും നാടായ നീലേശ്വരത്ത് മീനമാസത്തിലെ കത്തുന്ന ചൂടിനെ വകവെക്കാതെ നൂറുകണക്കിനാളുകളാണ് ഓരോ കേന്ദ്രത്തിലും തടിച്ചുകൂടിയത്. അടിയന്തരാവസ്ഥ ക്കാലത്ത് കുഞ്ഞിരാമനൊപ്പം ജയിലില്‍ കിടന്ന 75 കഴിഞ്ഞ കണ്ണന്‍ കാരണവരും പഴയ സഹപ്രവര്‍ത്തകനെ സ്വീകരിക്കാനെത്തി. നീലേശ്വരത്തെ സ്വീകരണത്തിന് ശേഷം ചരിത്രസ്മരണകളിരമ്പുന്ന അരയാക്കടവ് പാലം കടന്ന് കയ്യൂരിന്റെ മണ്ണിലെത്തുമ്പോഴേക്കും സ്വീകരണ യോഗങ്ങള്‍ പൊതുസമ്മേളനങ്ങളായി മാറി. ചെറിയാക്കരയിലും ആലന്തട്ടയിലും വെള്ളാട്ടും നാപ്പച്ചാലിലുമൊക്ക വന്‍ പൊതുയോഗങ്ങളാണ് ചേര്‍ന്നത്. 23 വര്‍ഷംമുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഗ്രസ് നരാധമന്മാര്‍ അഞ്ചു സഖാക്കളെ കൂട്ടക്കൊല നടത്തിയ ചീമേനിയിലും ആവേശപൂര്‍വമാണ് സ്ഥാനാര്‍ഥിയെ ജനങ്ങള്‍ വരവേറ്റത്. പുലിയന്നൂരിലെ സ്വീകരണ കേന്ദ്രത്തില്‍ പുതിയറക്കാല്‍ ക്ഷേത്രത്തിലെ സ്ഥാനികരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറ് കണക്കിനാളുകളാണ് തൃക്കരിപ്പൂരിന്റെ വികസന ശില്‍പ്പിയെ സ്വീകരിക്കാനെത്തിയത്. ചീമേനി ഐടി പാര്‍ക്കും മെഗാ വൈദ്യുതി നിലയവും മലബാര്‍ പാക്കേജില്‍ മുപ്പതിലേറെ പുതിയ റോഡുകളും 514 പേര്‍ക്ക് പട്ടയം എന്നിവയൊക്കെ നേടിക്കൊടുത്ത എംഎല്‍എയെ ചീമേനിക്കാര്‍ക്ക് മറക്കാന്‍ കഴിയില്ലെന്ന് തെളിയിക്കുന്നതായി സ്വീകരണങ്ങള്‍. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ സ്വീകരണത്തിനു ശേഷം വെസ്റ്റ് എളേരിയിലേക്കെത്തുമ്പോള്‍ മലയോരം എല്‍ഡിഎഫിന് പിന്നില്‍ ഒന്നിച്ചണിനിരക്കുന്ന പ്രതീതിയാണുണ്ടായത്. കുന്നുംക്കൈ, ഭീമനടി, പ്ളാച്ചിക്കര വഴി ചെന്നടുക്കത്ത് സമാപിക്കുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. ജനങ്ങുടെ ആവേശത്തില്‍ ശാരീരിക ക്ഷീണമെല്ലാം മറന്ന് ഉന്‍മേഷവാനായി കുഞ്ഞിരാമന്‍ ജനങ്ങളിലലിയുന്ന കാഴ്ചയായിരുന്നു എവിടെയും. സ്വീകരണകേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് പുറമെ എം രാജഗോപാല്‍, വി പി ജാനകി, ടി വി ഗോവിന്ദന്‍, ജോസ് പതാല്‍, കെ പി വത്സലന്‍, വി പി പി മുസ്തഫ, കരുവാക്കല്‍ ദാമോദരന്‍, എ വി രമണി, കെ മുരളി, പി സി സുബൈദ, പി രാഘവന്‍, പി ആര്‍ ചാക്കോ, പി പി കുഞ്ഞിരാമന്‍, പി എ നായര്‍, എം ടി പി അബ്ദുള്‍ ഖാദര്‍, എ അമ്പുഞ്ഞി, പി അമ്പാടി, കെ വി കൃഷ്ണന്‍, സുരേഷ് പുതിയെടുത്ത് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment